ബുദ്ധിമുട്ടേറിയ ആളുകള്‍
ഒരു ബ്രിട്ടീഷ് ചരിത്രകാരിയും റ്റിവി അവതാരകയുമാണു ലൂസി വോര്‍സ്‌ലി. സമൂഹത്തില്‍ പ്രശസ്തരായവര്‍ അധികപേരും സാധാരണ നേരിടുന്നതുപോലെ അവള്‍ക്കും മോശമായ മെയിലുകള്‍ ലഭിക്കാറുണ്ട് - അവളുടെ കാര്യത്തില്‍ സംസാരത്തിലെ ചെറിയൊരു വൈകല്യം നിമിത്തം 'r' എന്നത് 'w' എന്നാണവള്‍ ഉച്ചരിക്കുന്നത് എന്നതാണ് വിമര്‍ശനങ്ങള്‍ക്കു കാരണം. ഒരാളെഴുതി: “ലൂസി, ഞാന്‍ തുറന്നങ്ങു പറയുകയാണ്: ഒന്നുകില്‍ ദയവായി നിങ്ങളുടെ അലസമായ പ്രസംഗം തിരുത്താന്‍ കഠിനമായി ശ്രമിക്കുക, അല്ലെങ്കില്‍ സ്‌ക്രിപ്റ്റില്‍നിന്ന് 'r' നീക്കം ചെയ്യുക - നിങ്ങളുടെ റ്റിവി പരിപാടി ആദിയോടന്തം കാണാനെനിക്കു കഴിയുന്നില്ല, അതെന്നെ ഭ്രാന്തുപിടിപ്പിക്കുന്നു. ആദരവോടെ, ഡാരന്‍.'’
ചില ആളുകളെ സംബന്ധിച്ച്, ഇതുപോലുള്ള വിവേകശൂന്യമായ ഒരു അഭിപ്രായം സമാന നിലയില്‍ പരുഷമായ മറുപടി നല്‍കാന്‍ പ്രേരിപ്പിച്ചേക്കാം. എന്നാല്‍ ലൂസി പ്രതികരിച്ചതെങ്ങനെയെന്നത്: “ഓ, ഡാരന്‍, താങ്കള്‍ എന്റെ മുഖത്തു നോക്കി പറയാന്‍ മടിക്കുന്ന ചിലതു പറയാന്‍ ഇന്റര്‍നെറ്റിന്റെ അജ്ഞാതത്വം ഉപയോഗിച്ചുവെന്നു ഞാന്‍ കരുതുന്നു. താങ്കളുടെ നിഷ്‌കരുണമായ വാക്കുകള്‍ പുനര്‍വിചിന്തനം ചെയ്യുക! ലൂസി.’’
ലൂസിയുടെ അളന്നുകുറിച്ച പ്രതികരണം ഫലം കണ്ടു. ഡാരന്‍ ക്ഷമ ചോദിക്കുകയും അത്തരമൊരു ഇമെയില്‍ വീണ്ടും ആര്‍ക്കും അയയ്ക്കില്ലെന്ന് ശപഥം ചെയ്യുകയും ചെയ്തു.
സദൃശവാക്യങ്ങള്‍ പറയുന്നു: 'മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു' (15:1). കോപിഷ്ഠനായ വ്യക്തി കാര്യങ്ങള്‍ ഇളക്കിവിടുമ്പോള്‍, ക്ഷമാശീലന്‍ അതിനെ ശാന്തമാക്കുന്നു (വാ. 18). ഒരു സഹപ്രവര്‍ത്തകനില്‍നിന്ന് ഒരു വിമര്‍ശനാത്മക അഭിപ്രായം, അല്ലെങ്കില്‍ ഒരു കുടുംബാംഗത്തില്‍ നിന്നുള്ള ഒരു വിലകുറഞ്ഞ പരാമര്‍ശം, അല്ലെങ്കില്‍ അപരിചിതനില്‍നിന്നുള്ള മോശമായ മറുപടി എന്നിവ ലഭിക്കുമ്പോള്‍, നമുക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നുണ്ട്: ആളിക്കത്തിക്കുന്ന കോപത്തിന്റെ വാക്കുകള്‍ പറയാം, അല്ലെങ്കില്‍ അവരെ മയപ്പെടുത്തുന്ന ശാന്തമായ വാക്കുകള്‍ പറയാം.
കോപത്തെ അകറ്റുന്ന വാക്കുകള്‍ സംസാരിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ - അല്ലെങ്കില്‍ ബുദ്ധിമുട്ടേറിയ ആളുകള്‍ക്കു മാറ്റം വരാന്‍ സഹായിക്കട്ടെ.
ചേരിയിലെ ഗാനങ്ങള്‍
തെക്കെ അമേരിക്കയിലെ പരാഗ്വേയിലെ ഒരു ചെറിയ ചേരി. തീര്‍ത്തും ദരിദ്രരായ അതിലെ നിവാസികള്‍ അവിടുത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് പാഴ്‌വസ്തുക്കള്‍ പെറുക്കിവിറ്റാണ് ജീവിക്കുന്നത്. എന്നാല്‍ ഈ പരിതാപകരമായ അവസ്ഥകളില്‍നിന്ന് മനോഹരമായ ഒന്ന് ഉയര്‍ന്നുവന്നിട്ടുണ്ട് - ഒരു ഓര്‍ക്കസ്ട്ര.
ഒരു വയലിന് (violin) ഈ ചേരിയിലെ ഒരു വീടിനെക്കാളും അധികം വിലയുള്ളതിനാല്‍, അവര്‍ക്ക് കൂടതല്‍ സര്‍ഗ്ഗാത്മകമായി ചിന്തിക്കേണ്ടിയിരുന്നു - പാഴ്‌വസ്തു ശേഖരമുപയോഗിച്ച് അവര്‍ സ്വന്തം സംഗീതോപകരണങ്ങള്‍ നിര്‍മ്മിച്ചു. എണ്ണപ്പാട്ടകളും ടെയില്‍പീസായി വളഞ്ഞ ഫോര്‍ക്കുകളും ഉപയോഗിച്ച് വയലിനുകള്‍ നിര്‍മ്മിച്ചു. മാലിന്യപൈപ്പുകളും കീകള്‍ക്കായി കുപ്പിയുടെ മുകള്‍ഭാഗവും ഉപയോഗിച്ച് സാക്‌സോഫോണുകള്‍ നിര്‍മ്മിച്ചു. ന്യോക്കി റോളുകള്‍ ട്യൂണിംഗ് പെഗ്ഗുകളായി ഉപയോഗിച്ചുകൊണ്ട് ടിന്‍ വീപ്പകളുപയോഗിച്ച് ചെല്ലോസ് നിര്‍മ്മിച്ചു. ഈ സൂത്രപ്പണികളില്‍ മൊസാര്‍ട്ട് വായിക്കുന്നതു കേള്‍ക്കുന്നത് മനോഹരമായ ഒരു കാര്യമായിരുന്നു. ഓര്‍ക്കസ്ട്ര, പല രാജ്യങ്ങളിലും പര്യടനം നടത്തി - അത് അതിലെ യുവഅംഗങ്ങളുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തി.
പാഴ്‌വസ്തുക്കളില്‍നിന്നുള്ള വയലിനുകള്‍; ചേരികളില്‍നിന്നുള്ള സംഗീതം. അത് ദൈവം ചെയ്യുന്നതിന്റെ പ്രതീകമാണ്. ദൈവത്തിന്റെ പുതിയ സൃഷ്ടിയെ യെശയ്യാവു ദര്‍ശിക്കുമ്പോള്‍, ദാരിദ്ര്യത്തില്‍നിന്ന് സൗന്ദര്യം ഉടലെടുക്കുന്ന സമാനമായ ഒരു ചിത്രമായിരുന്നു അത് - നിര്‍ജജനപ്രദേശം ഉല്ലസിച്ചു പനിനീര്‍പുഷ്പംപോലെ പൂക്കുന്നു (യെശയ്യാവ് 35:1-2), വരണ്ടനിലം നീരുറവുകളായിത്തീരുന്നു (വാ. 6-7.) വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കുന്നു (2:4), ദരിദ്രരായ ആളുകള്‍ സന്തോഷകരമായ ഗാനങ്ങളുടെ ശബ്ദത്തില്‍ പൂര്‍ണ്ണതയുള്ളവരായി മാറുന്നു (35:5-6, 10).
'ലോകം ഞങ്ങള്‍ക്കു ചപ്പുചവറുകള്‍ അയയ്ക്കുന്നു,'' ഓര്‍ക്കസ്ട്ര ഡയറക്ടര്‍ പറയുന്നു. 'ഞങ്ങള്‍ സംഗീതം തിരിച്ചയയ്ക്കുന്നു.'' അവര്‍ അതു ചെയ്യുമ്പോള്‍, ദൈവം എല്ലാ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ തുടച്ചുകളയുകയും ദാരിദ്ര്യം ഇല്ലാതാവുകയും ചെയ്യുന്ന ഭാവിയുടെ ഒരു ദര്‍ശനം അവര്‍ ലോകത്തിനു നല്‍കുന്നു.
ഭയത്തെ അഭിമുഖീകരിക്കുക
വാറന്‍ ഒരു പള്ളിയുടെ പാസ്റ്ററായി ഒരു ചെറിയ പട്ടണത്തിലേക്ക് മാറി. അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക് പ്രാഥമിക വിജയം ലഭിച്ച ശേഷം, നാട്ടുകാരില്‍ ഒരാള്‍ അദ്ദേഹത്തിനെതിരായി മാറി. വാറന്‍ ഭയാനകമായ പ്രവൃത്തികള്‍ ചെയ്യുന്നു എന്നാരോപിച്ച് ഒരു കഥ തയ്യാറാക്കിയ ഇയാള്‍ ഈ കഥ പ്രാദേശിക പത്രങ്ങള്‍ക്കു നല്‍കുകയും പ്രദേശവാസികള്‍ക്ക് മെയില്‍ വഴി വിതരണം ചെയ്യുന്നതിനായി തന്റെ ആരോപണങ്ങള്‍ ലഘുലേഖയായി അച്ചടിക്കുകയും ചെയ്തു. വാറനും ഭാര്യയും തീവ്രമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ആളുകള്‍ ആ നുണ വിശ്വസിച്ചാല്‍, അവരുടെ ജീവിതം അവസാനിക്കും.
ദാവീദ് രാജാവ് ഒരിക്കല്‍ സമാനമായ അനുഭവം നേരിട്ടു. ഒരു ശത്രുവിന്റെ അപവാദ ആക്രമണത്തെ അവന്‍ നേരിട്ടു. 'ഇടവിടാതെ അവര്‍ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ
നേരെ തിന്മയ്ക്കായിട്ടാകുന്നു'' (സങ്കീ. 56: 5). നിരന്തരമായ ഈ ആക്രമണം അവനു ഭയവും കണ്ണുനീരും നല്‍കി (വാ. 8). എന്നാല്‍ പോരാട്ടത്തിന്റെ മധ്യത്തില്‍ അവന്‍ ഈ ശക്തമായ പ്രാര്‍ത്ഥന നടത്തി: 'ഞാന്‍ ഭയപ്പെടുന്ന നാളില്‍ നിന്നില്‍ ആശ്രയിക്കും.... ജഡത്തിന് എന്നോട് എന്തുചെയ്യുവാന്‍ കഴിയും?'' (വാ. 3, 4).
ദാവീദിന്റെ പ്രാര്‍ത്ഥന ഇന്ന് നമുക്ക് ഒരു മാതൃകയാക്കാന്‍ കഴിയും. ഞാന്‍ ഭയപ്പെടുമ്പോള്‍ - ഭയത്തിന്റെയോ ആരോപണത്തിന്റെയോ സമയങ്ങളില്‍, നാം ദൈവത്തിലേക്ക് തിരിയുന്നു. ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു - നാം നമ്മുടെ യുദ്ധത്തെ ശക്തമായ കൈകളില്‍ ഏല്പിക്കുന്നു. കേവലം മനുഷ്യരായവര്‍ക്ക് എന്നെ എന്തുചെയ്യാന്‍ കഴിയും? അവനോടുചേര്‍ന്ന് സാഹചര്യത്തെ നേരിടുമ്പോഴാണ്, നമുക്കെതിരായ ശക്തികള്‍ എത്രത്തോളം ദുര്‍ബ്ബലമാണെന്ന് നാം ഓര്‍ക്കുന്നത്.
വാറനെക്കുറിച്ചുള്ള കഥ പത്രം അവഗണിച്ചു. ചില കാരണങ്ങളാല്‍, ലഘുലേഖകള്‍ ഒരിക്കലും വിതരണം ചെയ്യപ്പെട്ടില്ല. ഇന്ന് നിങ്ങള്‍ എന്ത് പോരാട്ടത്തെയാണ് ഭയപ്പെടുന്നത്? ദൈവത്തോട് സംസാരിക്കുക. നിങ്ങളോട് ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ അവന്‍ തയ്യാറാണ്.
ശ്വാസം കിട്ടാതെ
എന്റെ അടുത്ത് ഒരു ഹോം-ഇംപ്രൂവ്മെന്റ് സ്റ്റോര്‍ ഉണ്ട്, അതിന്റെ ഒരു ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു വലിയ പച്ച ബട്ടണ്‍ ഉണ്ട്. ഒരു സഹായിയും ഇല്ലെങ്കില്‍, നിങ്ങള്‍ ഒരു ബട്ടണ്‍ അമര്‍ത്തുക, അപ്പോള്‍ ഒരു ടൈമര്‍ പ്രവര്‍ത്തിച്ചുതുടങ്ങും. നിങ്ങള്‍ക്ക് ഒരു മിനിറ്റിനുള്ളില്‍ സേവനം ലഭിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ വാങ്ങലിന് ഡിസ്‌കൗണ്ട് ലഭിക്കും.
വേഗത്തിലുള്ള സേവനം ലഭിക്കുന്ന ഈ സാഹചര്യത്തിലെ ഉപഭോക്താവാകാന്‍ നാം ആഗ്രഹിക്കുന്നു. എന്നാല്‍ നാം ആണ് സേവനദാതാക്കളെങ്കില്‍ അതിവേഗ സേവനത്തിനായുള്ള ഡിമാന്‍ഡ് നമുക്കിഷ്ടമല്ല. ഇന്ന് നമ്മളില്‍ പലരും ദീര്‍ഘനേരം ജോലി ചെയ്യുന്നതും ഒന്നിലധികം തവണ ഇമെയില്‍ പരിശോധിക്കുന്നതും നമ്മെ തിരക്കിലാക്കുന്നതായും, ഒട്ടും ഇളവില്ലാത്ത സമയപരിധി പാലിക്കാന്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതായും പരാതിപ്പെടുന്നു. ഹോം-ഇംപ്രൂവ്‌മെന്റ് സ്റ്റോറിന്റെ ഉപഭോക്തൃ സേവന തന്ത്രങ്ങള്‍ നമ്മുടെ എല്ലാ ജീവിതങ്ങളിലേക്കും കടന്നുവന്ന് തിരക്കിന്റെ ഒരു സംസ്‌കാരം സൃഷ്ടിക്കുന്നു.
ശബ്ബത്ത് ആചരിക്കാന്‍ ദൈവം യിസ്രായേല്യരോട് പറഞ്ഞപ്പോള്‍, ഒരു പ്രധാന കാരണവും ദൈവം പറഞ്ഞു, ''നീ മിസ്രയീംദേശത്ത് അടിമയായിരുന്നു ...എന്നും ഓര്‍ക്കുക' (ആവര്‍ത്തനം 5:15). ഫറവോന്റെ അമിതമായ സമയ നിയന്ത്രണങ്ങളില്‍ അവിടെ നിരന്തരം പ്രവര്‍ത്തിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി (പുറപ്പാട് 5:6-9). ഇപ്പോള്‍ മോചിതരായ അവര്‍, തങ്ങള്‍ക്കും തങ്ങളെ സേവിക്കുന്നവര്‍ക്കും വിശ്രമം ഉറപ്പുവരുത്താന്‍ ഓരോ ആഴ്ചയും ഒരു ദിവസം മുഴുവന്‍ സ്വസ്ഥതയ്ക്കായി വേര്‍തിരിക്കണമായിരുന്നു (ആവര്‍ത്തനം 5:14). ദൈവഭരണത്തിന്‍കീഴില്‍, മുഖം ചുവന്ന, ശ്വാസം കിട്ടാത്ത ആളുകള്‍ ഉണ്ടായിരിക്കരുത്.
നിങ്ങള്‍ എത്ര തവണ ക്ഷീണിതനാകുവോളം പ്രവര്‍ത്തിക്കുന്നു അല്ലെങ്കില്‍ നിങ്ങളെ കാത്തിരുത്തുന്ന ആളുകളോട് അക്ഷമരായിത്തീരുന്നു? നമുക്കും മറ്റുള്ളവര്‍ക്കും ഒരു ഇടവേള നല്‍കാം. തിരക്കിന്റെ സംസ്‌കാരം ഫറവോന്റേതാണ്, ദൈവത്തിന്റേതല്ല.
അജ്ഞാത മേഖലകള്‍
ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഗോളം വീഴുന്നു. ബിഗ് ബെന്നിന്റെ മണിനാദം ആള്‍ക്കൂട്ടം ശ്രദ്ധിക്കുന്നു. സിഡ്നി ഹാര്‍ബര്‍ കരിമരുന്നു പ്രയോഗത്താല്‍ വര്‍ണ്ണാഭമാകുന്നു. ഏതു നിലയില്‍ നിങ്ങളുടെ നഗരം അത് അടയാളപ്പെടുത്തിയാലും ഒരു പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നതും അതു കൊണ്ടുവരുന്ന പുതിയ തുടക്കവും ആവേശകരമായ ഒന്നാണ്. പുതുവത്സര ദിനത്തില്‍ നാം പുതിയ മേഖലകളിലേക്ക് പുറപ്പെടുന്നു. എന്തെല്ലാം സൗഹൃദങ്ങളും അവസരങ്ങളും നാം കണ്ടെത്തിയേക്കാം?
അതിന്റെ എല്ലാ ആവേശത്തിനു നടുവിലും, ഒരു പുതുവര്‍ഷം അസ്വസ്ഥജനകമായേക്കാം. നമ്മില്‍ ആര്‍ക്കും ഭാവിയെക്കുറിച്ചോ അത് എന്തെല്ലാം കൊടുങ്കാറ്റുകളാണ് കാത്തുവെച്ചിരിക്കുന്നതെന്നോ അറിയില്ല. അനേക പുതുവത്സര പാരമ്പര്യങ്ങളും ഇത് പ്രതിഫലിപ്പിക്കുന്നു: ദുരാത്മാക്കളെ അകറ്റാനും പുതിയ സീസണ്‍ സമൃദ്ധമാക്കാനുമാണ് ചൈനയില്‍ വെടിക്കെട്ട് കണ്ടുപിടിച്ചതെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനു ബാബിലോന്യര്‍ ചെയ്തിരുന്ന നേര്‍ച്ചകളിലാണ് പുതുവത്സര തീരുമാനങ്ങളുടെ തുടക്കം. അജ്ഞാതമായ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമമായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങളുടെ പിന്നില്‍.
അവര്‍ നേര്‍ച്ചകള്‍ നേരാത്തപ്പോള്‍, ബാബിലോണിയക്കാര്‍ യിസ്രായേല്‍ ഉള്‍പ്പെടെയുള്ള ആളുകളെ കീഴടക്കുന്ന തിരക്കിലായിരുന്നു. കാലക്രമേണ ദൈവം അടിമകളായ യെഹൂദന്മാര്‍ക്ക് ഈ സന്ദേശം അയച്ചു: ''ഭയപ്പെടേണ്ട. . . . നീ വെളളത്തില്‍ക്കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും' (യെശയ്യാവ് 43:1-2). പിന്നീട്, യേശുവും ശിഷ്യന്മാരും കയറിയ പടക് അക്രമാസക്തമായ കൊടുങ്കാറ്റില്‍ പെട്ടപ്പോള്‍ സമാനമായ ഒരു കാര്യം യേശു പറഞ്ഞു. ''നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്ത്?'' കടലിനോട് ശാന്തമാകാന്‍ കല്‍പിക്കുന്നതിനുമുമ്പ് അവന്‍ അവരോടു പറഞ്ഞു (മത്തായി 8:23-27).
ഇന്ന് നമ്മള്‍ കരയില്‍ നിന്ന് പുതിയതും അറിയപ്പെടാത്തതുമായ വെള്ളത്തിലേക്ക് നീങ്ങുകയാണ്. നാം അഭിമുഖീകരിക്കുന്നതെന്തു തന്നെയായാലും, അവന്‍ നമ്മോടൊപ്പമുണ്ട് - തിരമാലകളെ ശാന്തമാക്കാനുള്ള ശക്തിയും അവനുണ്ട്.
യഥാര്‍ത്ഥ വിജയം
എന്റെ അഭിമുഖ അതിഥി എന്റെ ചോദ്യങ്ങള്‍ക്ക് മാന്യമായി ഉത്തരം നല്‍കി. എങ്കിലും ഞങ്ങളുടെ ആശയവിനിമയത്തിന് കീഴില്‍ എന്തോ ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. യാദൃച്ഛികമായ ഒരു അഭിപ്രായം അത് പുറത്തുകൊണ്ടുവന്നു.
''നിങ്ങള്‍ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു,'' ഞാന്‍ പറഞ്ഞു.
''ആയിരങ്ങളല്ല,'' അദ്ദേഹം പിറുപിറുത്തു. ''ദശലക്ഷക്കണക്കിന്.'
എന്റെ അജ്ഞതയോട് സഹതപിക്കുന്നതുപോലെ, എന്റെ അതിഥി അദ്ദേഹത്തിന്റെ യോഗ്യതാപത്രങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തി - അദ്ദേഹത്തിന്റെ പദവികള്‍, നേടിയ കാര്യങ്ങള്‍, അദ്ദേഹം ആകര്‍ഷകമാക്കിയ മാസിക. അതൊരു വിഷമകരമായ നിമിഷമായിരുന്നു.
ആ അനുഭവത്തെത്തുടര്‍ന്ന്, സീനായി പര്‍വതത്തില്‍ ദൈവം തന്നെത്തന്നെ മോശെയ്ക്ക് വെളിപ്പെടുത്തിയത് എങ്ങനെ എന്നത് എന്നെ അത്ഭുതപ്പെടുത്തി (പുറപ്പാട് 34:5-7). പ്രപഞ്ചത്തിന്റെ സ്രഷ്ടാവും മനുഷ്യരാശിയുടെ ന്യായാധിപനുമായിരുന്നു അവന്‍, എന്നാല്‍ ദൈവം തന്റെ സ്ഥാനപ്പേരുകള്‍ ഉപയോഗിച്ചില്ല. പതിനായിരം കോടി താരാപഥങ്ങളുടെ നിര്‍മ്മാതാവ് ഇതാ, പക്ഷേ അത്തരം നേട്ടങ്ങള്‍ പരാമര്‍ശിച്ചില്ല. പകരം, ദൈവം തന്നെത്തന്നെ പരിചയപ്പെടുത്തി ''കരുണയും കൃപയുമുള്ളവന്‍; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍'' (വാ. 6). അവന്‍ ആരാണെന്ന് വെളിപ്പെടുത്തുമ്പോള്‍, അത് അവന്റെ പദവികളോ നേട്ടങ്ങളോ അല്ല അവന്‍ പറയുന്നത്, മറിച്ച് അവനുണ്ടായിരുന്ന സ്വഭാവമാണ്.
ആളുകള്‍ ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെടുകയും അവന്റെ മാതൃക പിന്തുടരാന്‍ വിളിക്കപ്പെടുകയും ചെയ്തിരിക്കയാല്‍ (ഉല്പത്തി 1:27; എഫെസ്യര്‍ 5:1-2), ഇത് ഗഹനമാണ്. നേട്ടം നല്ലതാണ്, സ്ഥാനപ്പേരുകള്‍ക്ക് അവയുടെ സ്ഥാനമുണ്ട്, എന്നാല്‍ ശരിക്കും പ്രധാനം നമ്മള്‍ എത്രമാത്രം കരുണയും കൃപയും സ്‌നേഹവും ഉള്ളവരായി മാറുന്നു എന്നതാണ്.
ആ അഭിമുഖ അതിഥിയെപ്പോലെ, നമുക്കും നമ്മുടെ നേട്ടങ്ങളില്‍ നമ്മുടെ പ്രാധാന്യം അടിസ്ഥാനമാക്കാനാകും. ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വിജയം എന്താണെന്ന് നമ്മുടെ ദൈവം മാതൃക കാണിച്ചിട്ടുണ്ട് - നമ്മുടെ ബിസിനസ്സ് കാര്‍ഡുകളിലോ റസ്യൂമേകളിലോ എഴുതിയവയല്ല, മറിച്ച് നാം എങ്ങനെ അവനെപ്പോലെ ആകുന്നു എന്നതിലാണത്.
ക്രിസ്തുമസ് ഭയഭക്തി
ഒരു രാത്രി ഞാന്‍ ഒരു മീറ്റിംഗിനായി ലണ്ടനിലായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു, ഞാന്‍ വൈകിയിരുന്നു. ഞാന്‍ തെരുവുകളിലൂടെ വേഗത്തില്‍ നടന്നു, ഒരു മൂലയില്‍ തിരിഞ്ഞു, എന്നിട്ട് നിശ്ചലമായി നിന്നു. ഡസന്‍ കണക്കിന് മാലാഖമാര്‍ റീജന്റ് സ്ട്രീറ്റിന് മുകളിലൂടെ സഞ്ചരിക്കുന്നു, അവരുടെ ഭീമാകാരമായ തിളങ്ങുന്ന ചിറകുകള്‍ ട്രാഫിക്കിലുടനീളം വ്യാപിച്ചിരിക്കുന്നു. ആയിരക്കണക്കിന് മിന്നുന്ന ലൈറ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച, ഞാന്‍ കണ്ട ഏറ്റവും അത്ഭുതകരമായ ക്രിസ്തുമസ് പ്രദര്‍ശനം ആയിരുന്നു അത്. ഞാന്‍ മാത്രമല്ല ആകര്‍ഷിക്കപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ തെരുവില്‍ അണിനിരന്നു, ഭയഭക്തിയോടെ നോക്കിനിന്നു.
ക്രിസ്തുമസ് കഥയുടെ കേന്ദ്രത്തില്‍ ഭയഭക്തിയാണ് നിറഞ്ഞുനില്‍ക്കുന്നത്. മറിയ അത്ഭുതകരമായി ഗര്‍ഭം ധരിക്കുമെന്ന വാര്‍ത്തയുമായി ദൂതന്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോഴും (ലൂക്കൊസ് 1:26-38) യേശുവിന്റെ ജനനം പ്രഖ്യാപിച്ചുകൊണ്ട് ഇടയന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോഴും (2:8-20) ഓരോരുത്തരും ഭയത്തോടും അത്ഭുതത്തോടും കൂടെയാണ് - ഭയഭക്തിയോടെ - പ്രതികരിച്ചത്. റീജന്റ് സ്ട്രീറ്റീലെ ആ ആള്‍ക്കൂട്ടത്തെ ചുറ്റും നോക്കുമ്പോള്‍, ആദ്യത്തെ മാലാഖമാരുടെ പ്രത്യക്ഷതകളുടെ ഒരു ഭാഗം ഞങ്ങള്‍ അനുഭവിക്കുകയാണോ എന്ന് ഞാന്‍ ചിന്തിച്ചു.
ഒരു നിമിഷം കഴിഞ്ഞ്, ഞാന്‍ മറ്റൊന്നു കൂടി ശ്രദ്ധിച്ചു. ചില മാലാഖമാര്‍ കൈകള്‍ ഉയര്‍ത്തി, അവരും എന്തോ നോക്കുന്നതുപോലെ. യേശുവിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ആദ്യത്തെ മാലാഖ ഗായകസംഘം പെട്ടെന്നു ഗാനം ആലപിക്കാനാരംഭിച്ചതുപോലെ (വാ. 13-14), ഈ മാലാഖമാരും ഭയഭക്തി പൂണ്ടതുപോലെ തോന്നി.
പുത്രന്‍ ദൈവത്തിന്റെ 'തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും'' ആകുന്നു (എബ്രായര്‍ 1:3). തിളക്കവും പ്രകാശവുമുള്ളവനായ യേശു ഓരോ മാലാഖയുടെയും നോട്ടത്തിന്റെ കേന്ദ്രബിന്ദുവാണ് (വാ. 6). തിരക്കുള്ള ലണ്ടന്‍ നിവാസികളെ അവരുടെ വഴിയില്‍ തടഞ്ഞുനിര്‍ത്താന്‍ മാലാഖമാരുടെ പ്രമേയമുള്ള ക്രിസ്തുമസ് ഡിസ്‌പ്ലേയ്ക്ക് കഴിയുമെങ്കില്‍, നാം അവനെ മുഖാമുഖം കാണുന്ന നിമിഷത്തെക്കുറിച്ചു സങ്കല്‍പ്പിക്കുക.
യുദ്ധത്തെ അഭിമുഖീകരിക്കുക
സമീപകാലത്ത് ഞാന്‍ ഒരു കൂട്ടം സ്‌നേഹിതരുമായി കണ്ടുമുട്ടി. അവരുടെ സംഭാഷണം ഞാന്‍ ശ്രദ്ധിച്ചപ്പോള്‍, മുറിയിലെ എല്ലാവരും തന്നെ കാര്യമായ എന്തെങ്കിലും പോരാട്ടം നേരിടുന്നതായി തോന്നി. ഞങ്ങളില്‍ രണ്ടുപേര്‍ക്ക് ക്യാന്‍സറിനെതിരെ പോരാടുന്ന മാതാപിതാക്കളുണ്ടായിരുന്നു. ഒരാള്‍ക്ക് ഭക്ഷണം കഴിക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്ന ഒരു കുട്ടിയുണ്ടായിരുന്നു, മറ്റൊരു സുഹൃത്ത് വിട്ടുമാറാത്ത വേദന അനുഭവിക്കുന്നു, മറ്റൊരാള്‍ ഒരു വലിയ ശസ്ത്രക്രിയ നേരിടുന്നു. മുപ്പതുകളിലും നാല്‍പതുകളിലും ഉള്ള ഈ അളുകളെ സംബന്ധിച്ച് ഇത് അതിക
തികഠിനമായി തോന്നി.
നിയമപ്പെട്ടകം ദാവീദിന്റെ നഗരത്തിലേക്ക് (യെരൂശലേം) കൊണ്ടുവരുന്ന, യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെയാണ് 1 ദിനവൃത്താന്തം 16-ാം അധ്യായം വിവരിക്കുന്നത്. യുദ്ധങ്ങള്‍ക്കിടയിലുള്ള സമാധാനത്തിന്റെ ഒരു നിമിഷത്തിലാണ് ഇത് സംഭവിച്ചതെന്ന് ശമൂവേല്‍ പറയുന്നു (2 ശമൂവേല്‍ 7:1). ദൈവസാന്നിധ്യത്തിന്റെ പ്രതീകമായി പെട്ടകത്തെ അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചപ്പോള്‍ ദാവീദ് ജനത്തെ ഒരു ഗാനാലാപനത്തിലേക്കു നയിച്ചു (1 ദിനവൃത്താന്തം 16:8-36). രാഷ്ട്രം ഒന്നിച്ച് ദൈവത്തിന്റെ അത്ഭുതം പ്രവര്‍ത്തിക്കുന്ന ശക്തി, വാഗ്ദത്തം പാലിക്കുന്ന വഴികള്‍, അവന്റെ മുന്‍കാല സംരക്ഷണം എന്നിവയെ കീര്‍ത്തിച്ചു (വാ. 12-22). ' യഹോവയെയും അവന്റെ ശക്തിയെയും തേടുവിന്‍; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന്‍'' (വാ. 11) അവര്‍ ആലപിച്ചു. കൂടുതല്‍ യുദ്ധങ്ങള്‍ വരുന്നതിനാല്‍ അവര്‍ക്ക് ഇത് ആവശ്യമായിരുന്നു.
കര്‍ത്താവിനെയും അവന്റെ ശക്തിയെയും തിരയുക. അവന്റെ മുഖം അന്വേഷിക്കുക. രോഗം, കുടുംബസംബന്ധമായ ആശങ്കകള്‍, മറ്റു പോരാട്ടങ്ങള്‍ എന്നിവ നമ്മെ നേരിടുമ്പോള്‍ നമുക്കു പിന്തുടരാന്‍ കഴിയുന്ന മികച്ച ഉപദേശമാണിത്, കാരണം നമ്മുടെ ക്ഷയിച്ചുപോകുന്ന ബലത്തില്‍ പോരാടാന്‍ നമുക്കു കഴിയില്ല. ദൈവം സന്നിഹിതനാണ്; ദൈവം ശക്തനാണ്; അവന്‍ മുമ്പ് നമ്മെ പരിപാലിച്ചു, വീണ്ടും അങ്ങനെ തന്നെ ചെയ്യും.
നമ്മുടെ ദൈവം നമ്മെ അപ്പുറത്തെത്തിക്കും.
ഒരു ട്രക്ക് ഡ്രൈവറുടെ കൈകള്‍
ഞെട്ടലോടെയാണ് വാര്‍ത്ത വന്നത്. പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ അതിജീവിച്ച എന്റെ പിതാവിന് ഇപ്പോള്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. എന്റെ പിതാവാണ് കഠിന രോഗിയായ എന്റെ മാതാവിനെ പൂര്‍ണ്ണ സമയവും പരിചരിച്ചിരുന്നത് എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇപ്പോള്‍ രണ്ടു പേര്‍ക്കും പരിചരണം ആവശ്യമായി വരുന്നതിനാല്‍, മുന്നിലുള്ള ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതാണെന്ന് ഉറപ്പാണ്.
അവരോടൊപ്പം വീട്ടിലേക്ക് എത്തിയ ഞാന്‍, ഒരു ഞായറാഴ്ച എന്റെ മാതാപിതാക്കളുടെ സഭ സന്ദര്‍ശിച്ചു. അവിടെ, ഒരാള്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് എന്നെ സമീപിച്ചു. രണ്ട് ദിവസത്തിനുശേഷം, ആ മനുഷ്യന്‍ ഒരു ലിസ്റ്റുമായി ഞങ്ങളുടെ വീട് സന്ദര്‍ശിച്ചു. ''കീമോതെറാപ്പി ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് ഭക്ഷണം ആവശ്യമാണ്,'' അദ്ദേഹം പറഞ്ഞു. ''ഞാന്‍ ഒരു പാചകക്കാരനെ ക്രമീകരിക്കും. പുല്ലുവെട്ടുന്നതിനെക്കുറിച്ച് എന്തു പറയുന്നു? എനിക്കത് ചെയ്യാന്‍ കഴിയും. നിങ്ങളുടെ മാലിന്യം ശേഖരിക്കുന്ന ദിവസം ഏതാണ്?' ഈ മനുഷ്യന്‍ വിരമിച്ച ട്രക്ക് ഡ്രൈവറായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹം ഒരു ദൈവദൂതനെപ്പോലെയായി. അദ്ദേഹം പലപ്പോഴും മറ്റുള്ളവരെ - അവിവാഹിതരായ അമ്മമാര്‍, ഭവനരഹിതര്‍, പ്രായമായവര്‍ - സഹായിച്ചതായി ഞങ്ങള്‍ കണ്ടെത്തി.
യേശുവിലുള്ള വിശ്വാസികളെ എല്ലാവരെയും മറ്റുള്ളവരെ സഹായിക്കാനായി വിളിച്ചിരിക്കുമ്പോള്‍ തന്നേ (ലൂക്കൊസ് 10:25-37), ചിലര്‍ക്ക് അങ്ങനെ ചെയ്യാന്‍ പ്രത്യേക കഴിവുണ്ട്. അപ്പൊസ്തലനായ പൗലൊസ് അതിനെ കരുണയുടെ വരം എന്നാണ് വിളിക്കുന്നത് (റോമര്‍ 12:8). ഈ വരമുള്ള ആളുകള്‍ക്ക് ആവശ്യത്തെ കണ്ടെത്താന്‍ കഴിയും പ്രത്യേകിച്ചും പ്രായോഗിക സഹായം. മാത്രമല്ല അസ്വസ്ഥരാകാതെ തന്നെ മറ്റുള്ളവരെ സേവിക്കാനും കഴിയും. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായ അവര്‍ നമ്മുടെ മുറിവുകളെ സ്പര്‍ശിക്കുന്ന ക്രിസ്തുവിന്റെ ശരീരത്തിന്റെ കൈകളാണ് (വാ. 4-5).
ഡാഡിയുടെ ആദ്യ കീമോതെറാപ്പി അടുത്തയിടെ നടന്നു, ഞങ്ങളുടെ സഹായിയായ ദൈവദൂതന്‍ ഡാഡിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി എന്റെ മാതാപിതാക്കളുടെ ഫ്രിഡ്ജില്‍ ഭക്ഷണം നിറഞ്ഞിരുന്നു.
ഒരു ട്രക്ക് ഡ്രൈവറുടെ കൈകളിലൂടെ വന്ന ദൈവത്തിന്റെ കരുണ!
കാണാനുള്ള കണ്ണുകള്‍
അനാമോര്‍ഫിക്ക് കലയുടെ അത്ഭുതം ഞാന്‍ അടുത്തിടെ കണ്ടെത്തി. ക്രമരഹിതമായ ഭാഗങ്ങളുടെ ഒരു ശേഖരമായി ആദ്യം പ്രത്യക്ഷപ്പെടുന്ന ഒരു അനാമോര്‍ഫിക്ക് ശില്പം ശരിയായ കോണില്‍ നിന്ന് നോക്കുമ്പോള്‍ മാത്രമേ അര്‍ത്ഥവത്തായി കാണപ്പെടുകയുള്ളു. ഒന്നില്‍, ലംബമായി നിര്‍ത്തുന്ന തൂണുകളുടെ ഒരു ശ്രേണി ഒന്നായി വിന്യസിക്കുമ്പോള്‍ ഒരു പ്രശസ്ത നേതാവിന്റെ മുഖം വെളിപ്പെടുത്തുന്നു. മറ്റൊന്നില്‍, ഒരു കൂട്ടം കേബിളുകള്‍ ഒരു ആനയുടെ രൂപരേഖയായി മാറുന്നു. മറ്റൊരു കലാസൃഷ്ടിയില്‍, വയര്‍ ഉപയോഗിച്ച് തൂക്കിയിട്ട നൂറുകണക്കിന് കറുത്ത പൊട്ടുകള്‍ ശരിയായി കോണില്‍ നോക്കുമ്പോള്‍ സ്ത്രീയുടെ കണ്ണായി മാറുന്നു. അനാമോര്‍ഫിക്ക് കലയുടെ താക്കോല്‍ അതിന്റെ അര്‍ത്ഥം വെളിപ്പെടുന്നതുവരെ വ്യത്യസ്ത കോണുകളില്‍ നിന്ന് കാണുക എന്നതാണ്.
ചരിത്രം, കവിത, അതിലേറെയും ഉള്‍പ്പെടുന്ന ആയിരക്കണക്കിന് വാക്യങ്ങള്‍ ഉള്ള ബൈബിള്‍ ചിലപ്പോള്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്. എന്നാല്‍ അതിന്റെ അര്‍ത്ഥം എങ്ങനെ ഗ്രഹിക്കാമെന്ന് തിരുവെഴുത്ത് തന്നെ പറയുന്നു. അതിനെ ഒരു അനാമോര്‍ഫിക്ക് ശില്പം പോലെ പരിഗണിക്കുക: വ്യത്യസ്ത കോണുകളില്‍ നിന്ന് അതിനെ കാണുകയും ആഴത്തില്‍ ധ്യാനിക്കുകയും ചെയ്യുക.
ക്രിസ്തുവിന്റെ ഉപമകള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അവയെക്കുറിച്ച് ചിന്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവയുടെ അര്‍ത്ഥം ''കാണാനുള്ള കണ്ണുകള്‍'' നേടുന്നു (മത്തായി 13:10-16). ദൈവം അവന് ഉള്‍ക്കാഴ്ച നല്‍കുന്നതിനായി തന്റെ വാക്കുകളെക്കുറിച്ച് ചിന്തിക്കാന്‍ പൗലൊസ് തിമൊഥെയൊസിനോട് പറഞ്ഞു (2 തിമൊഥെയൊസ് 2:7). തിരുവെഴുത്തുകളെ ധ്യാനിക്കുന്നത് എങ്ങനെ ജ്ഞാനവും ഉള്‍ക്കാഴ്ചയും നല്‍കുകയും അതിന്റെ അര്‍ത്ഥം കാണാന്‍ നമ്മുടെ കണ്ണുകള്‍ തുറക്കുകയും ചെയ്യുന്നു എന്ന് 119-ാം സങ്കീര്‍ത്തനത്തിന്റെ ആവര്‍ത്തിച്ചു വരുന്ന പല്ലവികള്‍ പറയുന്നു (119:18, 97-99).
ഒരാഴ്ച ഒരൊറ്റ ഉപമയെക്കുറിച്ച് ധ്യാനിക്കുന്നതിനെ അല്ലെങ്കില്‍ ഒറ്റ ഇരുപ്പില്‍ ഒരു സുവിശേഷം വായിക്കുന്നതിനെ കുറിച്ച് എന്തു പറയുന്നു? ഒരു വാക്യത്തെ എല്ലാ കോണുകളില്‍ നിന്നും കാണാന്‍ കുറച്ച് സമയം ചെലവഴിക്കുക. ആഴത്തിലേക്ക് പോകുക. വേദപുസ്തകം വായിക്കുന്നതിലൂടെ മാത്രമല്ല, ധ്യാനിക്കുന്നതിലൂടെയാണ് ബൈബിള്‍ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുന്നത്.